ദുബായ്: ദുബായ് വിമാനത്തിൽ വെച്ച് ഒമാനി സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഇസ്രയേലി ഡെന്റിസ്റ്റ് ഷോട്ട മുസേവിന്റെ വെളിപ്പെടുത്തലുകൾ പുറത്ത്. വിമാനത്തിൽ വെച്ച് തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകിയ പൈലറ്റിന് 45 മിനിറ്റോളമാണ് ഡെന്റിസ്റ്റ് അടിയന്തര പ്രഥമശുശ്രൂഷ നൽകിയത്.
കോക്ക്പിറ്റിൽ നിന്ന് അലർച്ച കേട്ട് ഓടിയെത്തിയ മുസേവ്, പ്രതിയെ കീഴ്പ്പെടുത്താൻ സഹായിച്ച ശേഷമാണ് രക്തത്തിൽ കുളിച്ചുകിടന്ന പൈലറ്റിന്റെ അടുത്തെത്തിയത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് വസ്ത്രങ്ങളും ഐസ് പാക്കുകളും ഉപയോഗിച്ച് അദ്ദേഹം രക്തസ്രാവം തടയാൻ ശ്രമിച്ചു. പൈലറ്റിന്റെ ബോധം നഷ്ടപ്പെടാതിരിക്കാൻ "ഉറങ്ങരുത്, താങ്കൾക്ക് എത്ര കുട്ടികളുണ്ട്, അവരുടെ പേരുകൾ എന്തൊക്കെയാണ്" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. "എന്നെ രക്ഷിക്കൂ, എനിക്കിവിടെ മരിക്കേണ്ട" എന്ന് പൈലറ്റ് യാചിച്ചതായും അദ്ദേഹം ഓർത്തെടുത്തു.
പൈലറ്റിന്റെ പൾസ് നിരക്ക് കുറഞ്ഞപ്പോൾ കാലുകൾ ഉയർത്തിവെച്ചും, ചുണ്ടുകൾ നീലനിറമായപ്പോൾ വേഗത്തിൽ ലാൻഡ് ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ടും മുസേവ് പൈലറ്റിന്റെ ജീവൻ നിലനിർത്തി. അടിയന്തരമായി സൗദി അറേബ്യയിൽ ലാൻഡ് ചെയ്ത ശേഷമാണ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. സ്മിത് മച്ചാറിന്റെ അസാധാരണ ധൈര്യമാണ് തങ്ങളുടെയെല്ലാം ജീവൻ രക്ഷിച്ചതെന്ന് ഡെന്റിസ്റ്റ് ഷോട്ട മുസേവ് പറഞ്ഞു.